8-February-2024 -
By. news desk
കൊച്ചി: മണ്‍സൂണ്‍ കാലത്തെ ട്രോളിംഗ് നിരോധനം കൊണ്ട് പൊതുവെ കരുതിയിരുന്നത് പോലെ കരിക്കാടി ചെമ്മീന്‍ സമ്പത്തിന് നഷ്ടമൊന്നും സംഭവിക്കുന്നില്ലെന്ന് പഠനം. മറിച്ച്, കടലില്‍ കരിക്കാടി ചെമ്മീന്‍ സമ്പത്തിന്റെ സുസ്ഥിരവളര്‍ച്ചയക്ക് നിരോധനം ഗുണകരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനം വെളിപ്പെടുത്തുന്നു.ട്രോളിംഗ് നിരോധനം കാരണം പിടിച്ചെടുക്കാന്‍ കഴിയാതെ പോകുന്ന കരിക്കാടി ചെമ്മീന്‍ സമ്പത്ത്, തീരക്കടലുകളില്‍ നിന്ന് ഇവ പിന്നീട് ആഴക്കടലുകളിലേക്ക് നീങ്ങുന്നതിനാല്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് മത്സ്യത്തൊഴിലാളികള്‍ ഭയന്നിരുന്നു.
നിരോധനം നടപ്പിലാക്കിയതിനെ തുടര്‍ന്നുണ്ടായ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകളാണ് ഈ ധാരണക്ക് വഴിയൊരുക്കിയത്. എന്നാല്‍, ഉപ്പിന്റെ അളവ് കൂടുതലുള്ള ആഴക്കടലുകളിലേക്ക് ഇവ നീങ്ങുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ട്രോളിംഗ് നിരോധനം കഴിഞ്ഞയുടന്‍ 50 മുതല്‍ 100 മീറ്റര്‍ വരെ ആഴങ്ങളില്‍ നിന്ന് ഈ ചെമ്മീന്‍ പിടിക്കാന്‍ സാധിക്കുമെന്ന് സിഎംഎഫ്ആര്‍ ഐ പഠനം പറയുന്നു.
മാത്രമല്ല, മണ്‍സൂണ്‍കാലങ്ങളില്‍ തീരക്കടലുകളില്‍ വളരെ ചെറിയ ഇനം ചെമ്മീനുകളാണ് കാണപ്പെടുന്നത്. ഇക്കാലയളവില്‍ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിലൂടെ അവയുടെ പ്രജനനം തുടരാനും കൂടുതല്‍ അളവിലും വലിപ്പത്തിലും വളര്‍ച്ച കൈവരിക്കാനുമാകുന്നു. ഇക്കാരണത്താല്‍, മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം കരിക്കാടി ചെമ്മീന്‍ സമ്പത്തിന് ഏറെ ഗുണകരമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.ട്രോളിംഗ് നിരോധന ശേഷമുള്ള ആഗസ്ത്സെപ്തംബര് മാസങ്ങളില്‍ 50 മുതല്‍ 100 മീറ്റര്‍ വരെ ആഴങ്ങളില്‍ നിന്ന് മികച്ച വളര്‍ച്ച നേടിയ കരിക്കാടി ചെമ്മീന്‍ പിടിക്കാവുന്നതാണ്. മഴക്കാലത്ത് തീരക്കടലുകളില്‍ ഉപ്പിന്റെ അംശം കുറയുന്നത് കാരണമാണ് ഇവ ആഴക്കടലുകളിലേക്ക് മാറുന്നത്.
പിന്നീട് തീരക്കടലുകളില്‍ ഉപ്പിന്റെ അളവ് അനുകൂലമാകുന്നതോടെ പിടിച്ചെടുക്കാതെ പോകുന്ന വലിയൊരു വിഭാഗം കരിക്കാടി ചെമ്മീന്‍ സമ്പത്ത് തീരക്കടലുകളിലേക്ക് തിരിച്ചെത്തുന്നതായും പഠനത്തില്‍ കണ്ടെത്തി. റീജ്യണല്‍ സ്റ്റഡീസ് ഇന്‍ മറൈന്‍ സയന്‍സ് എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ട്രോള്‍ മത്സ്യത്തൊഴിലാളികള്‍ പ്രകടിപ്പിച്ച ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തിയതെന്ന് സിഎംഎഫ്ആര്‍ഐ ഷെല്‍ഫിഷ് ഫിഷറീസ് ഡിവിഷന് മേധാവി ഡോ എ പി ദിനേശ്ബാബു പറഞ്ഞു. കരിക്കാടി ചെമ്മീനിന്റെ കടലിലെ സഞ്ചാരവും ഏതൊക്കെ പാരിസ്ഥിതിക ഘടകങ്ങളാണ് അവയെ സ്വാധീനിക്കുന്നതെന്നും മാപ്പിംഗിലൂടെ ശാസ്ത്രീയമായി കണ്ടെത്താന്‍ പഠനം സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.